Monday, December 19, 2011

അപ്പൊക്കാലിപ്റ്റൊ സിനിമ കാണരുത്

അപൊക്കാലിപ്റ്റോ എന്ന സിനിമയിൽ
ഒറ്റക്കുത്തിന് ഹൃദയം
പറിച്ചെടുക്കുന്ന കാഴ്ചയുണ്ട്.

ഇളംതൂവലുകളിൽ
ചോര പറ്റി അപ്പോൾ
തന്നെ പിറന്ന ഒരു
പക്ഷിക്കുഞ്ഞിനെപ്പോലെ
ഓമനത്തമുള്ള ഹൃദയം.

കൊഴുത്ത് കൊഴുത്ത്
വഴികളടഞ്ഞു തുടങ്ങിയതോ
വീർത്തു തുടങ്ങിയതോ ആയ
ധമനികളോടു കൂടിയ
ഹൃദയത്തിനു പകരം
ഇമ്മാതിരി തുടുത്തതൊന്ന്
പകരം വെക്കാമെന്നു്
തോന്നി കണ്ട മാത്രയിൽ.

(ലിംഗം വെട്ടിയെടുക്കുന്നത്
കാണിക്കുന്നില്ല; അല്ലെങ്കിൽ
അതും വെച്ചുപിടിപ്പിക്കാമോയെന്ന
ശരാശരിച്ചോദ്യം
വന്നേനെ നിന്നിൽ‍ നിന്നും)

ആത്മഹത്യചെയ്ത് ജീവിതം
കണ്ടെത്തുന്നവർ‍ ഈ സിനിമ
കാണരുതൊരിക്കലും;
വെച്ചുപിടിപ്പിക്കാവുന്ന
മിടിപ്പും ഉദ്ധാരണവും
ഓർമ്മയിൽ വന്നിട്ടെന്തു കാര്യം.

(തർജ്ജനിയിൽ പ്രസിദ്ധീകരിച്ചത്)

2 comments:

  1. ശശിയുടെ മറ്റു കവിതകളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു, ഈ കവിത.

    ReplyDelete